ഇന്ത്യ ഏഷ്യന്‍ ഹോക്കി ചാമ്പ്യന്‍

single-img
11 September 2011

ഓര്‍ഡസ് (ചൈന): ചിരവൈരികളായ പാക്കിസ്ഥാനെ തോല്‍പ്പിച്ച് ഇന്ത്യ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി കിരീടം സ്വന്തമാക്കി. ഷൂട്ടൗട്ടില്‍ 4-2 നാണ് ഇന്ത്യ പാക്കിസ്ഥാനെ തകര്‍ത്തത്. നിശ്ചിത 70 മിനിറ്റിലും അധികസമയമായ 15 മിനിറ്റിലും ഇരുടീമുകള്‍ക്കും ഗോള്‍ നേടാന്‍ സാധിക്കാതിരുന്നതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കു നീളുകയായിരുന്നു.

ഇന്ത്യയ്ക്കുവേണ്ടി ഗോളി പി.ആര്‍. ശ്രീജേഷ് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. നിശ്ചിത സമയത്ത് അഞ്ചു പെനാല്‍റ്റി കോര്‍ണറുകളും ശ്രീജേഷ് തടുത്തു. ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയുടെ ആദ്യ എഡിഷനില്‍തന്നെ വിജയിച്ചത് ഈ കിരീടത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുന്നു. ഒപ്പം മിഖായേല്‍ നോബ്‌സ് എന്ന പുതിയ കോച്ചിനും.

സീനിയര്‍ താരങ്ങളില്‍ പലരും ഇല്ലാതിരുന്നിട്ടും ഇന്ത്യ മികച്ച പ്രകടനമാണ് ടൂര്‍ണമെന്റില്‍ പുറത്തെടുത്തത്. പാക്കിസ്ഥാനെതിരേ ഗ്രൂപ്പ് ഘട്ടത്തില്‍ നേടിയ 2-2 സമനില ഇന്ത്യയുടെ പോരാട്ട വീര്യത്തിനുദാഹരണമായിരുന്നു. മത്സരത്തില്‍ 2-0 നു പിന്നില്‍ നിന്നശേഷമാണ് യുവനിര അന്ന് പാക്കിസ്ഥാനെ 2-2 സമനിലയില്‍ പിടിച്ചുകെട്ടിയത്.