ഐസ്‌ക്രീം കേസില്‍ സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് വി.എസ് ഹൈക്കോടതിയില്‍

single-img
2 September 2011

കൊച്ചി: പ്രതിപക്ഷ നേതാവ് വി.എസ് അച്ച്യുതാനന്ദന്‍ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചു. ഐസ്‌ക്രീം കേസ് സി.ബി.ഐക്ക് കൈമാറണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചിട്ടുള്ളത്. പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ലെന്നും ഇതുകൊണ്ടാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നതെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അഡ്വ. അനില്‍കുമാര്‍ മുഖേനയാണ് ഹരജി സമര്‍പ്പിച്ചത്. കഴിഞ്ഞ എല്‍.ഡി.എഫ് ഭരണ കാലത്താണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. എന്നാല്‍ ഭരണം മാറിയ സാഹചര്യത്തില്‍ അന്വേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടില്ലെന്നും ഹരജിയില്‍ വ്യക്തമാക്കുന്നു.
റഊഫിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് 30.01.2011ന് പി.കെ കുഞ്ഞാലിക്കുട്ടിയെ ഒന്നാം പ്രതിയാക്കി കോഴിക്കോട് ടൗണ്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

കേസ് അന്വേഷണത്തിനായി ഐ.ജി വിന്‍സന്റ് എം.പോളിന്റെ നേതൃത്വത്തില്‍ അന്വേഷണം പ്രത്യേക ഘട്ടത്തിലെത്തിയപ്പോഴാണ് കേരളത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നതും സര്‍ക്കാര്‍ മാറുന്നതും. പുതിയ സര്‍ക്കാര്‍ അധികാരമേറ്റെടുത്തതിനെ തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരെ ഒന്നൊന്നായി സ്ഥലം മാറ്റുകയായിരുന്നു. കേസ് അന്വേഷണം ഏഴ് മാസം പിന്നിട്ടിട്ടും കാര്യമായ പുരോഗതിയുണ്ടായിട്ടില്ലെന്ന് ഹരജിയില്‍ വി.എസ് അച്ച്യുതാനന്ദന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കേസിലെ ഒട്ടുമിക്ക സാക്ഷികളെയും പ്രതികളെയും ചോദ്യം ചെയ്തുകഴിഞ്ഞുവെന്നും ഇനി ഒന്നാം പ്രതിയായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയെയാണ് ചോദ്യം ചെയ്യേണ്ടതെന്നും കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘം കൊയിലാണ്ടിയില്‍ ചേര്‍ന്ന യോഗത്തില്‍ വിലയിരുത്തിയിരുന്നു. മന്ത്രിയെ ചോദ്യം ചെയ്യുന്നതിന് അനുമതി ലഭിക്കാനായി സര്‍ക്കാറില്‍ അപേക്ഷ നല്‍കാനും തീരുമാനിച്ചിരുന്നു.