ചരിത്രത്തിലേക്ക് തലവച്ചുറങ്ങുന്ന പാറപ്പള്ളി മഖാം • ഇ വാർത്ത | evartha
Muslim, Religion

ചരിത്രത്തിലേക്ക് തലവച്ചുറങ്ങുന്ന പാറപ്പള്ളി മഖാം

ആദം നബിയുടെ കാല്‍പ്പാട് പതിഞ്ഞ പാറ

കൊയിലാണ്ടിയില്‍ നിന്നും ഒന്നൊരകിലോമീറ്റര്‍ ദുരെമാറി കണ്ണുകള്‍ക്ക് വിരുന്നൊരുക്കുന്ന കൊല്ലം പന്തലായനി കടപ്പുറം. അവിടെ ഉയര്‍ന്നു നില്‍ക്കുന്ന കൂറ്റന്‍ പാറക്കെട്ടുകള്‍ക്ക് മുകളില്‍ കുന്നിന്‍ പ്രദേശത്ത് ചരിത്രമുറങ്ങുന്ന മുസ്ലീം തീര്‍ത്ഥാടന കേന്ദ്രം- പാറപ്പള്ളി മഖാം. വിശ്വാസങ്ങളും ചരിത്രവും കെട്ടുപിണഞ്ഞുകിടക്കുന്ന ഈ തീര്‍ത്ഥാടന കേന്ദ്രത്തില്‍ ഇന്ന് വിശ്വാസികളുടെ ഒഴുക്കാണ്.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള വിശ്വാസവും ആ വിശ്വാസത്തില്‍ അധിഷ്ഠിതമായ സത്യങ്ങളും കൊണ്ട് സമ്പുഷ്ടമാണിവിടം. ഇവിടുത്തെ ആദം നബിയുടെ കാലടയാളം , ഔലിയ കിണര്‍ , മാലിക് ദീനാറും കൂട്ടരും വിശ്രമിച്ച സ്ഥലം, ബദ്രിങ്ങളുടെ മഖ്ബറ , ഔലിയ വെള്ളം തുടങ്ങിയവ എന്നും വിശ്വാസികളെ പാറപ്പള്ളിയിലേക്ക് ചേര്‍ത്തുനിര്‍ത്തുന്നു.

ഹിജ്ര 21-ല്‍ അറേബ്യയില്‍ നിന്നും കേരളത്തില്‍ എത്തിയ മാലിക്ക്ദ്ദീനാര്‍ ആണ് ഈ പള്ളി പണിയിച്ചത് എന്ന് വിശ്വസിക്കപ്പെടുന്നു. വിസ്തീര്‍ണ്ണമുള്ള പള്ളിപ്പറമ്പില്‍ ചിതറിക്കിടക്കുന്നത് മഹത്തുക്കളുടെ ഖബറിടങ്ങളാണ്. അതിലൊന്ന് ബദര്‍ യുദ്ധത്തില്‍ പങ്കെടുത്ത തമീമുന്‍ അന്‍സാരിയുടേതാണെന്ന് പറയപ്പെടുന്നു.

കടലിനോട് ചേര്‍ന്നുള്ള പാറയിടുക്കില്‍ നിന്നും ഊറിവരുന്ന ജലമാണ് ‘ഔലിയ’ വെള്ളം എന്ന് അറിയപ്പെടുന്നത്. ഒട്ടും ഉപ്പുരസമില്ലാത്ത ഈ തണുത്ത ജലം വിശ്വാസികളുടെ ഇടയില്‍ രോഗശാന്തിയുടെ പ്രതീകമായി അറിയപ്പെടുന്നു.

പള്ളിയില്‍ അമുസ്ലീങ്ങള്‍ക്ക് പ്രവേശനമില്ലെങ്കിലും പള്ളിപ്പറമ്പിലും ഖബറിടങ്ങളിലുമൊക്കെ എല്ലാപേരും പോകാറുണ്ട്. ആദം നബിയുടെ കാല്‍പ്പാടുള്ള പാറ സര്‍വ്വ മതസ്തരുടെയും പ്രാര്‍ത്ഥനാ കേന്ദ്രമായി മാറിയിട്ടുണ്ട്.