പോസിറ്റീവ് അനന്യ

single-img
27 August 2011

‘ചെങ്കുത്തായ പാറയിടുക്കിന് 1600 അടി താഴ്ച വരും. കാട്ടുവള്ളികള്‍ പിടിച്ചുകൊണ്ട് ഈ താഴ്ചയിലേക്കു ചാടണം. സൂക്ഷിക്കണം. ചെറുതായി ഒന്നു തെന്നിയാല്‍ പൊടിപോലും കാണാന്‍ കിട്ടില്ല.’

ഫൈറ്റ് മാസ്റ്റര്‍ ത്യാഗരാജന്‍ ഡ്യൂപ്പുകള്‍ക്കു നിര്‍ദേശം നല്‍കുമ്പോഴാണ് അപ്പുറത്തു നിന്നൊരു പെണ്‍ശബ്ദം.
‘ഡ്യൂപ്പൊന്നും വേണ്ട സാര്‍, ഞാന്‍ തനിയേ ചാടിക്കോളാം.’
ഞെട്ടിയതു ത്യാഗരാജന്‍ മാസ്റ്റര്‍ മാത്രമായിരുന്നില്ല. യൂണിറ്റ് മുഴുവനുമായിരുന്നു. അത്രവരെ ശബ്ദമുഖരിതമായ അന്തരീക്ഷം പെട്ടെന്നു മൗനമായി.

‘കുട്ടിയെന്തായീ പറയുന്നത്. ഇത് അപകടമാണ്. ഇവിടെ ഡ്യൂപ്പൊക്കെ റെഡിയായിക്കഴിഞ്ഞു. എല്ലാം അവരു ചെയ്‌തോളും’

ത്യാഗരാജന്‍ മാസ്റ്റര്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അവള്‍ തീരുമാനത്തില്‍ ഉറച്ചുനിന്നു.

‘ധൈര്യമുണ്ടായിട്ടു തന്നെയാണോ പറയുന്നത്?’

‘ധൈര്യമുണ്ട് സാര്‍. ഭഗവാന്‍ സഹായിച്ച് ഒന്നും വരുത്തില്ലെന്ന വിശ്വാസമുണ്ട്. ലാലേട്ടന്റെ കൂടെ ഡ്യൂപ്പില്ലാതെ ഞാനഭിനയിച്ചോളാം’

സംവിധായകന്‍ പത്മകുമാറിന്റെ സംശയത്തിനും കൃത്യമായ മറുപടിയുണ്ടായിരുന്നു അവള്‍ക്ക്. ഭഗവാനെ മനസില്‍ പ്രാര്‍ഥിച്ച് കാട്ടുവള്ളിയില്‍ പിടിച്ച് മോഹന്‍ലാലിനൊപ്പം താഴ്ചയിലേക്ക്. യൂണിറ്റിലുള്ളവര്‍ ചങ്കിടിപ്പോടെയാണതു കണ്ടത്. ഒന്നും സംഭവിച്ചില്ല. രണ്ടു ടേയ്ക്ക് എടുത്തിട്ടും അവള്‍ പതറിയില്ല. ‘ശിക്കാറി’ലെ പത്തു ദിവസത്തെ ക്ലൈമാക്‌സ് രംഗങ്ങള്‍ ശരിക്കും ആസ്വദിക്കുകയായിരുന്നു അനന്യ.
‘ഭഗവാനാണ് എനിക്കു ധൈര്യം തന്നത്. എന്നെ ഒരു പോറലുമേല്‍ക്കാതെ രക്ഷിച്ചെടുത്തത്. സിനിമ റിലീസായ ദിവസം തൃശൂര്‍ കൈരളി തിയറ്ററിലിരുന്ന് ആദ്യഷോ കാണുമ്പോള്‍ ഞാന്‍ അഭിനയിച്ച രംഗങ്ങള്‍ ശ്വാസംപിടിച്ചാണു കണ്ടത്. ത്യാഗരാജന്‍ മാസ്റ്ററും പപ്പേട്ടനും (സംവിധായകന്‍ പത്മകുമാര്‍) അന്നു പറഞ്ഞതിന്റെ കാര്യം ഇപ്പോഴാണു മനസിലാവുന്നത്. വരുംവരായ്കകള്‍ ആലോചിക്കാതെ എടുത്തുചാടുകയായിരുന്നു ഞാന്‍. പക്ഷേ ഡ്യൂപ്പില്ലാതെ അഭിനയിച്ചത് സിനിമയ്ക്ക് ഏറെ ഗുണം ചെയ്തു.’
സുഹൃത്തുക്കള്‍ സിനിമ കണ്ട് അഭിനന്ദിക്കുമ്പോഴും ഒരു പരിഭവം ബാക്കിയാവുകയാണ് അനന്യയ്ക്ക്.
‘ക്ലൈമാക്‌സ് രംഗത്ത് ഡ്യൂപ്പില്ലാതെ അഭിനയിച്ചതാണെന്നു പറഞ്ഞിട്ട് ആരും വിശ്വസിക്കുന്നില്ല. അന്നേ പപ്പേട്ടന്‍ പറഞ്ഞിരുന്നു പറഞ്ഞാല്‍ ആരും വിശ്വസിക്കില്ലെന്ന്. അതുപോലെതന്നെ സംഭവിച്ചു.’
കൊടൈക്കനാലിലെ ഗുണ കേയ്‌വ്‌സ് എന്ന സ്ഥലത്തായിരുന്നു ക്ലൈമാക്‌സ് ഷൂട്ടുചെയ്തത്. ഗുണ എന്ന തമിഴ്‌സിനിമ ഷൂട്ടുചെയ്തതിനു ശേഷമാണ് അവിടം ഗുണ കെയ്‌വ്‌സ് ആയത്. ക്ലൈമാക്‌സ് ഷൂട്ടുചെയ്യാന്‍ പത്തു ദിവസങ്ങളാണെടുത്തത്.
ശിക്കാറിലെ മോഹന്‍ലാലിന്റെ മകളുടെ വേഷം നല്ലൊരു ബ്രേക്കാവുകയാണ് അനന്യയ്ക്ക്. വലിയൊരു താരനിരയോടൊത്ത് അഭിനയിച്ചതിന്റെ ത്രില്‍ ഇപ്പോഴും മാറിയിട്ടില്ലെന്ന് അനന്യ പറയുന്നു.
‘എന്റെ വീട് പെരുമ്പാവൂരിലാണ്. അതിനടുത്തായിരുന്നു ശിക്കാറിന്റെ ഷൂട്ടിംഗ് നടന്ന പൂയംകുട്ടി വനമേഖലയും. സത്യം പറഞ്ഞാല്‍ ഇത്രയും മനോഹരമായ സ്ഥലം ഇത്രയടുത്തു തന്നെയുള്ള കാര്യം ഷൂട്ടിംഗിനെത്തിയപ്പോള്‍ മാത്രമാണു മനസിലാവുന്നത്. കാടും മലയും നിറഞ്ഞ ലൊക്കേഷന്‍ ആദ്യമായിരുന്നു. അതുകൊണ്ടുതന്നെ ഷൂട്ടിംഗ് തുടങ്ങിയ ദിവസം മുതല്‍ ത്രില്ലിലായിരുന്നു ഞാന്‍. ഓരോ സീനും ആസ്വദിച്ചുകൊണ്ടായിരുന്നു ചെയ്തത്. അതാണ് ക്ലൈമാക്‌സ് രംഗമെടുക്കുമ്പോള്‍ പോലും പതറാതെ നിന്നത്. ക്ലൈമാക്‌സിനേക്കാളും പേടിച്ചത് ലാലേട്ടനുമൊത്തുള്ള ആദ്യസീന്‍ എടുത്തപ്പോഴായിരുന്നു. ഇത്രയും വലിയ നടന്റെ മുമ്പില്‍ അഭിനയിക്കാന്‍ നിന്നപ്പോള്‍ ശരിക്കും കിടുകിടാ വിറയ്ക്കുന്നുണ്ടായിരുന്നു. ഒരു ഡയലോഗ് പറഞ്ഞുതന്നപ്പോള്‍ ചെയ്താല്‍ ശരിയാവുമോ പപ്പേട്ടാ എന്നായിരുന്നു എന്റെ സംശയം. ഒട്ടും പേടിക്കേണ്ടെന്നു പപ്പേട്ടന്‍ പറഞ്ഞപ്പോഴായിരുന്നു ധൈര്യമുണ്ടായത്. പിന്നീട് ഞങ്ങള്‍ ഫ്രണ്ട്‌ലിയായി. തമിഴില്‍ ഞാന്‍ അഭിനയിച്ച ‘നാടോടികള്‍’ കണ്ടിട്ടാണ് പപ്പേട്ടന്‍ ശിക്കാറിലേക്കു വിളിക്കുന്നത്. ലാലേട്ടന്റെ മകളുടെ വേഷമാണെന്നു പറഞ്ഞെങ്കിലും ഇത്രയും പ്രാധാന്യമുള്ള റോളാണെന്നു പിന്നീടാണു മനസിലായത്.’

  • വി.കെ.പ്രകാശിന്റെ ബി.പോസിറ്റീവിലെ നായികയായി കടന്നുവന്ന ‘ആയില്യ’ എപ്പോഴാണ് ‘അനന്യ’യായത്?
കെ.മധു സംവിധാനം ചെയ്ത രഹസ്യപ്പോലീസ് എന്ന സിനിമ മുതലാണ് ആയില്യ എന്ന പേര് അനന്യ എന്നാക്കിയത്. അതിനു പ്രത്യേക കാരണങ്ങളൊന്നുമുണ്ടായിരുന്നില്ല. പൂനെയിലാണ് എന്റെ വല്യമ്മ താമസിക്കുന്നത്. അവരാണ് ദുര്‍ഗയുടെ പേരായ അനന്യ എന്നെനിക്കു പേരിട്ടത്. പേരു മാറ്റിയാല്‍ നല്ല കാലം വരുമെന്ന തരത്തിലുള്ള വിശ്വാസങ്ങളൊന്നും എനിക്കില്ല. പക്ഷേ പേരു മാറ്റിയതിനു ശേഷം നല്ലതേ സംഭവിച്ചിട്ടുള്ളൂ. എന്നാലും വീട്ടില്‍ ഞാനിപ്പോഴും  ആയില്യയാണ്. വീട്ടില്‍ ആരും അനന്യ എന്നു വിളിക്കാറില്ല. വീട്ടുകാര്‍ അങ്ങനെ വിളിക്കുന്നത് ഇഷ്ടവുമല്ല. 
  • ബി.പോസിറ്റീവിലേക്കു വരുന്നത്?
ആലുവ സെന്റ് സേവ്യേഴ്‌സ് കോളജില്‍ പഠിക്കുമ്പോഴാണ് കൈരളി ചാനലിലെ സ്റ്റാര്‍ വാര്‍ എന്ന റിയാലിറ്റി ഷോയിലെത്തുന്നത്. കോളജ് ബേസ്ഡ് ആയ ഒരു പരിപാടിയായിരുന്നു അത്. ഇതു കണ്ടപ്പോഴാണ് തിരക്കഥാകൃത്ത് എസ്.എന്‍.സ്വാമി സാര്‍ ബി.പോസിറ്റീവിലേക്കു വിളിക്കുന്നത്. ആദ്യമൊന്നും വലിയ താല്‍പര്യം തോന്നിയില്ല. നല്ലൊരു വേഷമായതിനാല്‍ സ്വീകരിച്ചു. അപ്പോഴൊന്നും ഇതൊരു കരിയറാവുമെന്നു വിചാരിച്ചതേയില്ല.
  • ഇപ്പോള്‍ കരിയറാണെന്നു തിരിച്ചറിഞ്ഞോ?
ബി.പോസിറ്റീവിനു ശേഷം ഫിഡില്‍ എന്ന സിനിമ ചെയ്തു. അതുപക്ഷേ ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീടായിരുന്നു രഹസ്യപ്പോലീസ്. അതു കഴിഞ്ഞ് തമിഴിലേക്കു വിളിച്ചു. നാടോടികളിലേക്ക്. പിന്നീട് ധനുഷ് നായകനായ തമിഴ്ചിത്രം. ഇതിനിടയില്‍ ശിക്കാര്‍ വന്നു. അതുകഴിഞ്ഞ് ഇതു നമ്മുടെ കഥയും ലാലേട്ടന്‍ നായകനായ കാണ്ടഹാറും ഒരു തെലുങ്കു പടവും. പിന്നെയിപ്പോള്‍ സീനിയേഴ്‌സ്. ഇനി റിലീസാവാന്‍ ചാക്കോച്ചന്റെ ഡോ. ലവ്. ഇത്രയൊക്കെ വന്ന സ്ഥിതിക്ക് ഇനി ഇതൊരു പ്രൊഫഷനാക്കി എടുക്കണം. നല്ല സിനിമകള്‍ ചെയ്യണം. അതിനു ഭാഷ ഒരു തടസമേയല്ല. ഒരു ഹിന്ദി സിനിമയ്ക്കും ഓഫര്‍ വന്നിട്ടുണ്ട്. രാംഗോപാല്‍വര്‍മ്മയുടെ അസോസിയേറ്റായിരുന്ന അജിത്താണ് രചനയും സംവിധാനവും.
  • അതിനിടയില്‍ പഠനം?

സെന്റ് സേവ്യേഴ്‌സില്‍ ബി.എ.കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് വിദ്യാര്‍ഥിനിയായിരുന്നു ഞാന്‍. കോഴ്‌സിനു ചേര്‍ന്ന വര്‍ഷം തന്നെയാണ് സിനിമയില്‍ അഭിനയിക്കുന്നത്. കോളജിലെ പ്രിന്‍സിപ്പലും അധ്യാപകരും പിന്തുണച്ചില്ലായിരുന്നെങ്കില്‍ സിനിമ എനിക്കു കണികാണാന്‍ പോലും കിട്ടില്ലായിരുന്നു. അത്രയ്ക്ക് സഹകരണമായിരുന്നു അവര്‍ തന്നത്. ഇപ്പോള്‍ കോഴ്‌സ് പൂര്‍ത്തിയായിക്കഴിഞ്ഞു. എം.എയ്ക്കു ചേരണമെന്നുണ്ട്. പക്ഷേ അഭിനയത്തിനിടയ്ക്ക് റഗുലറായി കോളജില്‍ പോകാന്‍ പറ്റുമെന്നു തോന്നുന്നില്ല. അതിനാല്‍ ഡിസ്റ്റന്‍സ് എഡ്യൂക്കേഷന്‍ വഴി ഏതെങ്കിലും കോഴ്‌സ് നോക്കണം. ഭഗവാന്‍ അതിനും ഒരു വഴികാണിച്ചു തരുമായിരിക്കും