കഥകളുടെ കൂട്ടുകാരന്‍

single-img
27 August 2011

ഒരു വെളുത്തവാവിനു ഞങ്ങള്‍ കുടജാദ്രി മല കയറാന്‍ തുടങ്ങി. ലോഹിയും മുരളിയും കിരീടം ഉണ്ണിയും ഞാനും. മലയ്ക്കു മുകളിലെത്തുമ്പോഴേക്കും സന്ധ്യ കഴിഞ്ഞിരുന്നു. വഴിക്കു കണ്ട വിശാലമായ പാറപ്പരപ്പിലിരുന്നു ഞാന്‍ കവിത ചൊല്ലി. പാട്ടുപാടി. നിലാവത്തിരുന്നു ലോഹി കഥകളുടെ ഭാണ്ഡക്കെട്ടഴിച്ചു. ഞങ്ങള്‍ കേട്ടിരുന്നു, മണിക്കൂറുകളോളം. നീണ്ട പത്തു ദിവസങ്ങള്‍ ആ മലമുകളിലായിരുന്നു. പകല്‍ മുഴുവനും വര്‍ത്തമാനം പറഞ്ഞ് മലകള്‍ക്കിടയിലൂടെ പ്രകൃതിയെ അറിഞ്ഞ് നടക്കും. ഇടയ്ക്ക് മുരളിയും ഉണ്ണിയും മലയിറങ്ങിയപ്പോഴും ഞങ്ങള്‍ ബാക്കിയായി. ലോഹി അന്ന് അറിയപ്പെട്ടു വരുന്ന തിരക്കഥാകൃത്താണ്. ഞാന്‍ അറിയപ്പെടുന്ന ഗാനരചയിതാവും. എല്ലാ തിരക്കുകളും മാറ്റിവച്ച് മലകയറണമെന്ന് ലോഹി പറഞ്ഞപ്പോള്‍ എതിരഭിപ്രായമുണ്ടായിരുന്നില്ല, എനിക്ക്. അങ്ങനെയാണ് ഞങ്ങളവിടെയെത്തിയത്. അവിടെ വച്ച് ലോഹി പറഞ്ഞ ഒരു കഥയാണ് പിന്നീട് ആധാരം എന്ന സിനിമയ്ക്കാധാരം. മുരളിയാണ് നായകന്‍ എന്ന് അന്നേ ലോഹി തീരുമാനിച്ചിരുന്നു. ജോര്‍ജ് കിത്തു സംവിധാനവും.
പ്രകൃതിയെ അത്രയ്ക്കിഷ്ടമായിരുന്നു ലോഹിക്ക്. കഥകള്‍ അടുക്കിവച്ച മനസായിരുന്നു ആ കലാകാരന്റേത്. ഏതു കഥ കിട്ടിയാലും എന്നെ വിളിക്കും. ചര്‍ച്ച ചെയ്യും. ഒടുവില്‍ പൂര്‍ത്തിയാക്കാതിരുന്ന ഭീഷ്മരുടെ കഥയും സംസാരിച്ചിരുന്നു. ആരും കൈവയ്ക്കാത്ത നല്ലൊരു പ്രമേയമായിരുന്നു അത്. പക്ഷേ പൂര്‍ത്തിയാക്കാനായില്ല.
എന്റേയും ലോഹിയുടേയും ഒന്നിക്കലിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. ഞങ്ങള്‍ ഒത്തുചേര്‍ന്ന ‘കുടുംബപുരാണം’ എന്റേയും ലോഹിയുടേയും രണ്ടാമത്തെ സിനിമയായിരുന്നു. അതിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ പരസ്പരം അറിഞ്ഞെങ്കിലും പരിചയപ്പെടുന്നതു ‘മുദ്ര’യുടെ വര്‍ക്ക് തുടങ്ങുന്ന അവസരത്തിലായിരുന്നു. പരിചയപ്പെടുത്തിയതാവട്ടെ സംവിധായകന്‍ സിബി മലയിലും. ഒരു വലിയ സൗഹൃദം അവിടെ തുടങ്ങുകയായിരുന്നു. മുദ്ര മുതല്‍ നിവേദ്യം വരെയുള്ള ചിത്രങ്ങളില്‍ 35 എണ്ണത്തിലും പാട്ടെഴുതിയതു ഞാനാണ്.
ഞങ്ങള്‍ കുടുംബവുമൊന്നിച്ച് ഒരുപാടു സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിരുന്നു.  ലോഹിയുടെ മക്കളുടെ എഴുത്തിരുത്തല്‍ ചടങ്ങ് മൂകാംബികയില്‍ വച്ചായിരുന്നു. ഞാനും കൂടി വരണമെന്ന് ലോഹിക്കു നിര്‍ബന്ധം. തുടര്‍ന്ന് തിരക്കുകളെല്ലാം മാറ്റിവച്ച് ഞങ്ങള്‍ കുടുംബസമേതമാണു മൂകാംബികയിലെത്തിയത്.
പാട്ടിന്റെ കാര്യത്തില്‍ ഇത്രയും ശ്രദ്ധയുള്ള ഒരു സംവിധായകന്‍ മലയാളത്തിലുണ്ടോ എന്നു സംശയമാണ്. സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കുന്നതിനു മുമ്പു തന്റെ പാട്ടിന്റെ എല്ലാ സീനുകളും മനസിലുണ്ടാവും. ഇന്ന രീതിയുള്ള പാട്ടായിരിക്കണമെന്നു പറയും. സിനിമയുടെ കഥ പറയുമ്പോള്‍ എവിടെയൊക്കെ പാട്ടു വേണമെന്നു ചോദിക്കാറുണ്ട്. മിക്കപ്പോഴും ലോഹി ചിന്തിക്കുന്ന രീതിയില്‍ എഴുതാന്‍ കഴിഞ്ഞു. അതുകൊണ്ടു തന്നെയാവണം ആ സൗഹൃദം അത്രയ്ക്ക് ദൃഢമായതും. എപ്പോള്‍ കോഴിക്കോട്ടു വന്നാലും എന്റെ അരികിലെത്തും. എന്റെ ഭാര്യ ശ്രീദേവിയുടെ പേരാണ് ഭരതത്തിലെ നായികയ്ക്ക് ഇട്ടത്. കാരുണ്യമെന്ന സിനിമയുടെ പേര് എന്റെ വീട്ടുപേരായിരുന്നു.  ‘ഗോപികാവസന്തം…’ എന്ന വരി പാടിയപ്പോഴാണ് ഹിസ് ഹൈനസ് അബ്ദുള്ളയുടെ കഥയെഴുതാന്‍ ചെന്നൈയ്ക്കു പോയതെന്ന് ലോഹി തന്നെ പറഞ്ഞിട്ടുണ്ട്. പാഥേയം സിനിമയുടെ കഥാചര്‍ച്ചയില്‍ ഞാനും സജീവമായിരുന്നു. അതില്‍ എന്റെ ജീവിതം കൂടി എഴുതിച്ചേര്‍ക്കാന്‍ ലോഹി തയാറായി. താടി നീട്ടി ജുബ്ബയണിഞ്ഞ് തുണി സഞ്ചിയും തൂക്കി നടക്കുന്ന മമ്മൂട്ടിയുടെ വേഷം പോലും അന്നത്തെ എന്നെ അനുകരിച്ചായിരുന്നു. ഗാനരചയിതാവ് എന്ന നിലയില്‍ എന്നോടു വല്ലാത്ത ഒരാരാധന സൂക്ഷിച്ചിരുന്നു.

ആ മനസ് മുഴുവന്‍ സിനിമയുമാണ്. വേറൊന്നും അയാള്‍ക്കറിയില്ല. ഒരു കിലോ അരിയുടെ വില ചോദിച്ചാല്‍ ഞങ്ങള്‍ രണ്ടുപേരും അജ്ഞരായിരിക്കും. തീയതിയും ദിവസവുമൊന്നും ലോഹി നോക്കാറില്ല. കുട്ടിക്കാലം മുതല്‍ തന്നെ സ്വകാര്യദഃഖങ്ങള്‍ അലട്ടിയിരുന്നു. പക്ഷേ വലുതായപ്പോഴും അതൊന്നും ആരോടും പറയാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. പഴയകാലത്തെക്കുറിച്ച് ഓര്‍ക്കുന്നതില്‍ താല്‍പര്യമില്ലായിരുന്നു. അതുകൊണ്ടുതന്നെ അത്തരം കാര്യങ്ങള്‍ ചോദിച്ചിരുന്നുമില്ല. കാശില്ലാതെ കഷ്ടപ്പെട്ട അവസരങ്ങളില്‍ എത്രയോ തവണ ഞങ്ങളൊന്നിച്ച് കടംചോദിച്ചുപോയ അനുഭവം വരെയുണ്ട്.
ഇടയ്ക്ക് ഞങ്ങളുടെ സൗഹൃദത്തിന് ഇടവേളയുണ്ടായി. കസ്തൂരിമാനിനു ശേഷം. അക്കാലയളവില്‍ ലോഹി എന്നേയും ഞാന്‍ ലോഹിയേയും വിളിച്ചതേയില്ല. അയാള്‍ വിളിക്കട്ടെ എന്നായിരുന്നു ഞാന്‍ കരുതിയിരുന്നത്. തിരിച്ചായിരിക്കും ലോഹിയും വിചാരിച്ചിട്ടുണ്ടാവുക. പക്ഷേ കുറേക്കാലം യാതൊരു കമ്യൂണിക്കേഷനുമില്ല. ഒടുവില്‍ ഒരു ദിവസം രാവിലെ ലോഹി തന്നെ വിളിച്ചു. ആ വിളി യഥാര്‍ഥത്തില്‍ ഞാന്‍ കാത്തിരിക്കുകയായിരുന്നു.
‘ഞാനൊരു പടം ചെയ്യുന്നുണ്ട്. നിവേദ്യം. അഭിനയിക്കുന്നതു പുതുമുഖങ്ങളാണ്.’
യാതൊരു അപരിചിതത്വവും കാണിക്കാതെയുള്ള സംസാരം. ഞാനതിനെ പിന്തുണച്ചു.
‘നല്ല കാര്യം. ഞാനുണ്ടാവും’
‘ഉണ്ടായാല്‍ പോര. സജീവമാകണം. നിങ്ങളുടെ ജീവിതമാണ് ഞാന്‍ കഥയാക്കുന്നത്. നിങ്ങള്‍ അതിലൊരു കഥാപാത്രമാണ്. അഭിനയിക്കുകയും വേണം.’
വേറൊരു പടത്തിന്റെ വര്‍ക്ക് മാറ്റിവച്ചിട്ടായിരുന്നു ഞാന്‍ അഭിനയിക്കാനും പാട്ടെഴുതാനും സമ്മതിച്ചത്.
പിന്നീട് വീണ്ടും ഞങ്ങളുടെ പഴയ രീതിയിലുള്ള ചര്‍ച്ചകള്‍ സജീവമായി. ലൊക്കേഷന്‍ തീരുമാനിച്ചു. അഭിനയിക്കാന്‍ ഞാനും ലക്കിടിയിലെത്തി. കൈതപ്രം എന്ന ഞാന്‍ തന്നെയായിരുന്നു ഒരു കഥാപാത്രം. അന്നായിരുന്നു അവസാനമായി കണ്ടത്. മരിക്കുന്നതിന്റെ ഒന്നു രണ്ടാഴ്ച മുമ്പ് കൈരളി ചാനലുകാര്‍ ബന്ധപ്പെട്ടിരുന്നു. പട്ടുറുമാല്‍ എന്ന പരിപാടിയുടെ ഒരു എപ്പിസോഡില്‍ ഞാനും ലോഹിയും ഒരുമിച്ചു വേണമെന്നായിരുന്നു അവരുടെ നിര്‍ബന്ധം. സമ്മതിക്കുകയും ചെയ്തു. പക്ഷേ എന്റെ അസൗകര്യം കാരണം ആ കൂടിക്കാഴ്ചയും നടന്നില്ല.
കൈതപ്രം ദാമോദരൻ നമ്പൂതിരി