ഹസാരെ ജയിലില്‍ നിരാഹാരം തുടരുന്നു

single-img
17 August 2011

ന്യൂഡല്‍ഹി: അഴിമതിക്കെതിരെ ഉപവാസത്തിനിറങ്ങി തിഹാര്‍ ജയിലില്‍ തടവിലാക്കപ്പെട്ട അന്ന ഹസാരെ ജയിലിലും നിരാഹാരം തുടരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹത്തെ ദേശവ്യാപകമായുള്ള പ്രക്ഷോഭത്തെത്തുടര്‍ന്ന് ചൊവ്വാഴ്ച രാത്രി മോചിപ്പിക്കാന്‍ തീരുമാനിച്ചുവെങ്കിലും ജയിലില്‍ നിന്നിറങ്ങാന്‍ ഹസാരെ വിസമ്മതിക്കുകയായിരുന്നു.ജയപ്രകാശ് നാരായണ്‍ പാര്‍ക്കില്‍ സമരത്തിന് അനുമതി നല്‍കിയാലേ ജയില്‍ വിടുകയുള്ളൂ എന്നാണ് ഹസാരെയുടെ നിലപാട്. തിഹാര്‍ ജയിലിലെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിലെ ഒരു മുറിയിലാണ് ഹസാരെ രാത്രി താമസിച്ചത്. അനുയായി അരവിന്ദ് കെജ്‌രിവാളും അദ്ദേഹത്തൊടൊപ്പമുണ്ട്.

അത്യന്തം നാടകീയമായ നീക്കത്തിലൂടെ രാവിലെ അറസ്റ്റുചെയ്ത ഹസാരെയെ ചൊവ്വാഴ്ച വൈകീട്ടാണ് ഒരാഴ്ചത്തെ ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ തിഹാര്‍ ജയിലിലേയ്ക്കയച്ചത്. ജയിലിലും നിരാഹാര സമരം തുടര്‍ന്ന ഹസാരെയ്ക്ക്് പിന്തുണ പ്രഖ്യാപിച്ച് രാജ്യത്തുടനീളം പതിനായിരങ്ങള്‍ തെരുവിലിറങ്ങിയതോടെ കേന്ദ്രസര്‍ക്കാര്‍ സമ്മര്‍ദ്ദത്തിലായി. ഇന്ത്യഗേറ്റിന് സമീപവും തിഹാര്‍ ജയിലിന് പുറത്തും ആയിരങ്ങള്‍ മെഴുകുതിരികളും ദേശീയ പതാകകളുമായി മഴയെ അവഗണിച്ച് മുദ്രവാക്യങ്ങള്‍ മുഴക്കി പ്രകടനം നടത്തി. ബുധനാഴ്ച പാര്‍ലമെന്റ് മാര്‍ച്ച് നടത്താനും ഹസാരെയുടെ അനുയായികള്‍ തീരുമാനിച്ചിരുന്നു. തുടര്‍ന്ന് രാത്രിയോടെ അദ്ദേഹത്തെ മോചിപ്പിക്കാന്‍ തീരുമാനം കൈക്കൊണ്ട സര്‍ക്കാര്‍ ഹസാരെയും മറ്റ് ഏഴുപേരേയും വിട്ടയക്കാനുള്ള നിര്‍ദേശം ജയില്‍ അധികൃതരെ അറിയിക്കുകയായിരുന്നു. പാര്‍ലമെന്റിനകത്തും പുറത്തും പ്രതിഷേധം മുറുകുന്നത് തിരിച്ചറിഞ്ഞാണ് സര്‍ക്കാര്‍ മുട്ടുമടക്കിയത്.

പ്രതിപക്ഷ പാര്‍ട്ടികളും പൊതുജനങ്ങളും 73 കാരനായ ഹസാരെയുടെ അറസ്റ്റ് ജനാധിപത്യവിരുദ്ധ നടപടിയാണെന്ന് ചൂണ്ടിക്കാണിച്ച് രംഗത്തെത്തിയിരുന്നു. പ്രതിപക്ഷം സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചപ്പോള്‍ പാര്‍ലമെന്റ് പൂര്‍ണമായും തടസ്സപ്പെട്ടു. രാജ്യത്തെ ഒട്ടുമിക്ക നഗരങ്ങളിലും ഹസാരെയക്ക്് പിന്തുണ പ്രഖ്യാപിച്ച് പ്രകടനം നടന്നു.

രണ്ടാം സ്വാതന്ത്ര്യസമരത്തിന്റെ തുടക്കമാണിതെന്നും ഗാന്ധിജിയുടെ മാതൃക പിന്തുടര്‍ന്ന് രാജ്യത്തെ ജയിലുകള്‍ നിറയ്ക്കാന്‍ അഴിമതിക്കെതിരെ പൊരുതുന്ന ജനങ്ങള്‍ തയ്യാറാകണമെന്നും ഹസാരെ പറഞ്ഞു.

ഹസാരെയുടെ അറസ്റ്റ് വേദനാജനകമാണെങ്കിലും അദ്ദേഹം നിയമലംഘനത്തിന് മുതിര്‍ന്നതുകൊണ്ടാണ് ഈ നടപടി വേണ്ടിവന്നതെന്ന് ആഭ്യന്തരമന്ത്രി പി. ചിദംബരം പിന്നീട് പത്രസമ്മേളനത്തില്‍ പറഞ്ഞു.

അന്ന ഹസാരെയും സംഘവും ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍ പ്രധാനമന്ത്രിയെയും കോടതിയെയും ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് അനിശ്ചിതകാല നിരാഹാരം ആരംഭിക്കാനിരിക്കെയായിരുന്നു അറസ്റ്റ്. ഹസാരെയ്‌ക്കൊപ്പം ലോക്പാല്‍ ബില്ലിനുവേണ്ടി രംഗത്തെത്തിയ സാമൂഹികപ്രവര്‍ത്തകന്‍ അരവിന്ദ് കെജ്‌രിവാള്‍, മനീഷ് സിസോഡിയ, ദര്‍ഷത്, നവീന്‍ ജയ്‌സിങ് രാധേശ്യം, ദാദാ ഫടാരെ, സുരേഷ് ഫടാരെ തുടങ്ങിയവരെയും തിഹാര്‍ ജയിലിലടച്ചു. മുന്‍ കേന്ദ്ര മന്ത്രിയും പ്രമുഖ അഭിഭാഷകനുമായ ശാന്തിഭൂഷണെയും മുന്‍ ഐ.പി.എസ്. ഉദ്യോഗസ്ഥ കിരണ്‍ബേദിയെയും പോലീസ് കരുതല്‍കസ്റ്റഡിയിലുമെടുത്തു. ശാന്തിഭൂഷണെയും കിരണ്‍ബേദിയേയും പിന്നീട് വിട്ടയച്ചു.

ജനാധിപത്യത്തിന്റെ കൊലപാതകമാണ് സര്‍ക്കാര്‍ നടപടിയെന്ന് മുഖ്യപ്രതിപക്ഷകക്ഷിയായ ബി.ജെ.പി. കുറ്റപ്പെടുത്തി.

അടിയന്തരാവസ്ഥയെ ഓര്‍മപ്പെടുത്തുന്നതാണ് ഈ നടപടിയെന്നും കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇത് ചെയ്യുന്നതില്‍ അത്ഭുതമില്ലെന്നും മുതിര്‍ന്ന നേതാവ് എല്‍.കെ. അദ്വാനി വിമര്‍ശിച്ചു. പാര്‍ലമെന്റില്‍ ഇതേക്കുറിച്ച് പ്രധാനമന്ത്രി പ്രതികരിക്കണമെന്ന് സംഭവത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച ഇടതുപക്ഷം ആവശ്യപ്പെട്ടു.

ഹസാരെയും സംഘവും പ്രഖ്യാപിച്ച അനിശ്ചിതകാല നിരാഹാരം തുടങ്ങാന്‍ മൂന്നുമണിക്കൂര്‍ ശേഷിക്കേയാണ് നാടകീയമായ അറസ്റ്റ്. ഹസാരെയെ മഹാരാഷ്ട്രയിലേക്ക് കൊണ്ടുപോയെന്നും വിമാനത്താവളത്തിലേക്ക് നീക്കിയെന്നും കഥകള്‍ പരന്നതോടെ അനുയായികള്‍ പലയിടത്തും പ്രതിഷേധമാരംഭിച്ചു. മയൂര്‍വിഹാര്‍-നോയിഡ റോഡില്‍ കുത്തിയിരുന്ന അനുയായികളേയും വിവിധ പ്രദേശങ്ങളില്‍നിന്ന് ജെ.പി. പാര്‍ക്കിലേക്ക് എത്തിയവരേയുംപ്രകടനം നടത്തിയവരേയും പോലീസ് അറസ്റ്റുചെയ്ത് വിവിധ ബസുകളിലായി ഛത്രസാല്‍ സ്റ്റേഡിയത്തിലെത്തിച്ചു. താത്കാലിക ജയിലായി മാറിയ സ്റ്റേഡിയത്തിലേക്ക് ആയിരക്കണക്കിന് ഹസാരെ അനുകൂലികളും പൊതുജനങ്ങളും ഒഴുകിയെത്തിയതോടെ പോലീസുകാര്‍ ഇവിടെ അണിനിരന്നു.

പിന്നീട് അറസ്റ്റിലായവരെ ബവാന വ്യവസായമേഖലയിലെ താത്കാലിക ജയിലിലേക്ക് മാറ്റി. ഇതോടൊപ്പം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അന്ന ഹസാരെയുടെ നിരാഹാരസമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ആയിരക്കണക്കിനു പേര്‍ പ്രകടനങ്ങളും ധര്‍ണകളും നടത്താനാരംഭിച്ചു. അറസ്റ്റിലായ ഹസാരെ നേരത്തേ നിശ്ചയിച്ചപ്രകാരം പത്തുമണിയോടെ പോലീസ് കസ്റ്റഡിയില്‍ത്തന്നെ നിരാഹാരം ആരംഭിച്ചു. വെള്ളംപോലും കുടിക്കാന്‍ ഹസാരെ വിസമ്മതിച്ചുവെന്നാണ് അനുയായികള്‍ അറിയിച്ചത്. തുടര്‍ന്ന് രജൗരി ഗാര്‍ഡന്‍ പോലീസ്‌സ്റ്റേഷനില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്‌പെഷല്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേട്ടിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് വാങ്ങിക്കുകയായിരുന്നു.

ഹസാരെയുടെ അറസ്റ്റിനെത്തുടര്‍ന്ന് രാജ്യമെമ്പാടും പ്രതിഷേധമുയര്‍ന്നതിനെത്തുടര്‍ന്ന് ഇതെങ്ങനെ നേരിടണമെന്ന് തിരുമാനമെടുക്കാന്‍ സര്‍ക്കാറും കോണ്‍ഗ്രസും ചൊവ്വാഴ്ച പലതവണ യോഗം ചേര്‍ന്നു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭയുടെ രാഷ്ട്രീയസമിതിയോഗത്തിനു ശേഷം കോണ്‍ഗ്രസ് ജനറല്‍സെക്രട്ടറി രാഹുല്‍ഗാന്ധി, ആഭ്യന്തരമന്ത്രി പി. ചിദംബരം, ധനമന്ത്രി പ്രണബ് മുഖര്‍ജി, നഗരവികസനമന്ത്രി കമല്‍നാഥ് എന്നിവര്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനൊപ്പം ഒരു മണിക്കൂറോളം ചര്‍ച്ചനടത്തി.