ഹസാരെയുടെ അറസ്റ്റ് സമാധാനം നിലനിര്‍ത്താന്‍: പ്രധാനമന്ത്രി

single-img
17 August 2011

ന്യൂഡല്‍ഹി: അഴിമതിക്കെതിരെ ഉപവാസം നടത്താനൊരുങ്ങിയ അന്ന ഹസാരെയെ അറസ്റ്റ് ചെയ്തത് സമാധാനം നിലനിര്‍ത്തുകയെന്ന സര്‍ക്കാരിന്റെ ബാധ്യത നിറവേറ്റാനാണന്ന് പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്. പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

അന്ന ഹസാരെ അദ്ദേഹം തയ്യാറാക്കിയ ലോക്പാല്‍ ബില്ല് പാസാക്കണമെന്നാണവശ്യപ്പെട്ടാണ് സമരത്തിനൊരുങ്ങിയത്. അത് ക്രമസമാധാന പ്രശ്‌നമുണ്ടാക്കാനിടയുള്ളതിനാലാണ് ഹസാരെയെ അറസ്റ്റ് ചെയ്തത്. ഡല്‍ഹി പോലീസിന് ക്രമസമാധാനം നിലനിര്‍ത്തേണ്ട ഉത്തരവാദിത്വമുണ്ട്. പോലീസിന്റെ നിബന്ധനകള്‍ പാലിക്കാന്‍ ഹസാരെ തയ്യാറായിരുന്നില്ല.

കഴിഞ്ഞ ദിവസം നടന്ന സംഭവവികാസങ്ങളെക്കുറിച്ച് വിശദീകരിക്കുന്നത് വേദനാജനകമാണെന്ന് അദ്ദേഹം പറഞ്ഞു.

സമാധാനപരമായി പ്രതിഷേധിക്കാനുള്ള പൗരന്മാരുടെ അവകാശത്തെ സര്‍ക്കാര്‍ നിഷേധിക്കുന്നില്ല. ലോക്പാല്‍ ബില്‍ പാര്‍ലമെന്റില്‍ പാസാക്കണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍ ആരാണ് നിയമം ഉണ്ടാക്കേണ്ടതെന്നും പാസാക്കണ്ടേതുമെന്നാണ് ഇവിടെ ഉയരുന്ന ചോദ്യം. പ്രധാനമന്ത്രി പറഞ്ഞു.

തന്റെ സ്വന്തം ലോക്പാല്‍ ബില്‍ പാര്‍ലമെന്റിന്റെ മേല്‍ അടിച്ചേല്‍പ്പിക്കാനാണ് അന്ന ഹസാരെ ശ്രമിക്കുന്നത്. അതിനായി അദ്ദേഹം തിരഞ്ഞെടുത്ത മാര്‍ഗ്ഗം ശരിയായില്ല. നിയമ നിര്‍മ്മാണം പാര്‍ലമെന്റിന്റെ സവിശേഷ അധികാരമാണ്. ശരിയായി നിര്‍വചിക്കപ്പെട്ട തത്വങ്ങളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ഹസാരെയും സംഘവും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ അവരുടെ ജോലി ചെയ്യാന്‍ അനുവദിക്കണം. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പാര്‍ലമെന്റ് തടസമില്ലാതെ നടന്നുപോകാന്‍ സഹകരിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്കിടെ പ്രതിപക്ഷം പല തവണ ബഹളുമുണ്ടാക്കി. ബഹളത്തെത്തുടര്‍ന്ന് സഭ പിരിഞ്ഞു. ലോക്‌സഭയിലെ പ്രസ്താവനയ്ക്ക ശേഷം പ്രധാനമന്ത്രി രാജ്യസഭയിലും പ്രസ്താവന നടത്തി.