സ്വാശ്രയ മെഡിക്കല്‍ പ്രവേശന പരീക്ഷ റദ്ദാക്കി

single-img
17 August 2011

കൊച്ചി: സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്റുകള്‍ നടത്തിയ പ്രവേശന പരീക്ഷ ഹൈക്കോടതി റദ്ദാക്കി. ജൂലൈ 14ന് സംസ്ഥാനത്തെ 11 സ്വാശ്രയ കോളജുകള്‍ നടത്തിയ പരീക്ഷയാണു കോടതി റദ്ദാക്കിയത്. പ്രവേശന പരീക്ഷ നിയമവിരുദ്ധമാണെന്നും സംസ്ഥാന സര്‍ക്കാരിന്റെ പൊതുപ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റില്‍ നിന്നു പ്രവേശനം നടത്തണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
പരീക്ഷ നടത്തിയതു ക്രമപരമെന്നാണു സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നത്. അതിനാല്‍ ഹര്‍ജി തള്ളണമെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. സര്‍ക്കാരിന്‍റെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ചാണു കോടതി വിധി. സര്‍ക്കാര്‍ നിലപാടു ലജ്ജാകരമാണ്. മെരിറ്റ് മറികടക്കാന്‍ ആരെയും അനുവദിക്കരുത്. പ്രവേശനം ഏറ്റെടുക്കാനുള്ള അവസരം ലഭിച്ചിട്ടും സര്‍ക്കാര്‍ നടപടിയെടുത്തില്ലെന്നും കോടതി വിമര്‍ശിച്ചു.
ഹര്‍ജിക്കാരിക്ക് 25,000 രൂപ കോടതി ചെലവിനായി മാനേജ്മെന്റ് നല്‍കണം. കേരള ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് അഞ്ചു ലക്ഷം രൂപയും മാനേജ്മെന്റുകള്‍ പിഴ നല്‍കണമെന്നു ഹൈക്കോടതി ഉത്തരവിട്ടു. പ്രവേശന പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു ആമിന നെഹ് ന എന്ന വിദ്യാര്‍ഥിനി നല്‍കിയ ഹര്‍ജിയിലാണു കോടതി വിധി.വന്തം നിലയില്‍ പ്രവേശനം നടത്തണമെന്ന കാരക്കോണം മെഡിക്കല്‍ കോളെജിന്‍റെ ആവശ്യവും കോടതി തള്ളി.
ഇതോടെ ഈ വര്‍ഷത്തെ സ്വാശ്രയ പ്രവേശന നടപടികള്‍ നീളുമെന്നുറപ്പായി.