പുണ്യം പൂക്കുന്ന കാലം • ഇ വാർത്ത | evartha
Muslim, Religion

പുണ്യം പൂക്കുന്ന കാലം

ശരീരത്തിനു മേല്‍ മനഃശക്തിയുടെ വിജയാഘോഷമായി വീണ്ടും റമസാന്‍. ശരീരം ആഗ്രഹിക്കുന്നവയെല്ലാം വേണ്ടെന്നു വയ്ക്കാനുള്ള മനക്കരുത്താണു വ്രതം പരിശീലിപ്പിക്കുന്നത്. മതാനുഷ്ഠാനം എന്നതിനപ്പുറം റമസാന്‍ സമൂഹത്തിനു നല്‍കുന്ന സന്ദേശവും ഇതാണ്. പ്രവാചകന്‍ പറഞ്ഞു: ‘മല്ലയുദ്ധത്തിലെ ജേതാവല്ല, സ്വന്തം ഇച്ഛകളോട് ജയിക്കുന്നവനാണു കരുത്തന്‍’.

വ്രതം ഒരു രഹസ്യമാണ്. മറ്റ് ആരാധനകളെപ്പോലെയുള്ള പ്രകടനപരതയില്ല. മുന്നില്‍ നില്‍ക്കുന്നയാള്‍ വ്രതത്തിലാണോ അല്ലയോ എന്നു കണ്ടെത്തുക പ്രയാസമാണ്. രഹസ്യമായി ഭക്ഷണം കഴിച്ച ശേഷം മറ്റുള്ളവര്‍ക്കു മുന്നില്‍ നോമ്പുകാരനായി നടിക്കാനും വിഷമമില്ല. പക്ഷേ, വിശ്വാസികള്‍ അങ്ങനെയല്ല ചെയ്യുന്നത്. സ്വന്തം മനഃസാക്ഷിയോടു പുലര്‍ത്തുന്ന നീതിയാണു വ്രതം. ഭക്ഷണം ലഭ്യമായിട്ടും കഴിക്കാനുള്ള അവസരമുണ്ടായിട്ടും വേണ്ടെന്നു വയ്ക്കാനുള്ള വിശാലമനസ്കതയാണത്. ദൈവശാസന ശിരസാവഹിക്കുന്നതിനൊപ്പം വിശക്കുന്നവന്റെ ദുഃഖം അനുഭവിച്ചറിയാനുള്ള അവസരം കൂടിയാണത്.

ഒരാള്‍ക്ക് തന്നെ സ്വയം നിയന്ത്രിക്കാന്‍ കഴിയുമോ എന്ന പരീക്ഷണമാണു റമസാന്‍ വ്രതം. ഭക്ഷണം ഉപേക്ഷിക്കുക, സംസാരം നിയന്ത്രിക്കുക, പണം ദാനം ചെയ്യുക, അലങ്കാരങ്ങള്‍ ഉപേക്ഷിക്കുക.. ജീവിതത്തോടുള്ള അഭിനിവേശം മനസ്സിനെ കീഴടക്കുന്നില്ല എന്ന് റമസാന്‍ ഉറപ്പുവരുത്തുന്നു. യോഗയും മറ്റ് ആത്മീയ വ്യായാമങ്ങളും പോലെ ആര്‍ക്കും പരീക്ഷിക്കാവുന്നതാണു വ്രതവും. ഗാന്ധിജി പറഞ്ഞു: ‘വ്രതം വ്യക്തിയിലും അതുവഴി സമൂഹത്തിലും നന്മയുടെ വിത്തുപാകുന്നു’.

സാമൂഹികപ്രസക്തിയുള്ള സന്ദേശങ്ങളാണ് റമസാന്‍ വ്രതത്തെ മതത്തിനപ്പുറം വളര്‍ത്തുന്നത്. ഒപ്പം, ദ്രുതജീവിതത്തിനിടയില്‍ നഷ്ടമായിപ്പോകുന്ന സാമൂഹികബന്ധങ്ങളെ വീണ്ടും വിളക്കിച്ചേര്‍ക്കുന്നു. സഹപ്രവര്‍ത്തകനൊപ്പം എല്ലാ ദിവസവും ഭക്ഷണത്തില്‍ പങ്കാളികളാകുന്നവര്‍ റമസാനില്‍ വ്രതത്തിലും പങ്കാളികളാകുന്നതു പതിവുകാഴ്ച.

ഒരു മതവിഭാഗത്തിന്റെ ആരാധന എന്ന നിലയില്‍ മാത്രമല്ല, ഒരു സമൂഹത്തിന്റെ സംസ്കാരം എന്ന തലത്തില്‍കൂടിയാണ് റമസാന്‍ പരിഗണിക്കപ്പെടുന്നത്. മതഭേദങ്ങളില്ലാത്ത അനുഭവമാണിവിടെ റമസാന്‍.

അന്നപാനീയങ്ങള്‍ ഉപേക്ഷിക്കുന്നതിനൊപ്പം വിഭവസമൃദ്ധിയുടെയും കാലമാണു റമസാന്‍. ഇഫ്ത്താര്‍ സംഗമങ്ങള്‍ പലപ്പോഴും ഭക്ഷ്യമേളകളാണ്. റമസാന്‍ രണ്ടോ മൂന്നോ ദിവസം പിന്നിടുമ്പോഴേക്കും വിവിധ മലയാളി സംഘടനകളുടെ ഇഫ്ത്താര്‍ സംഗമങ്ങള്‍ ആരംഭിക്കും. പിന്നെ, വീട്ടിലെ ആഘോഷം പോലെ ഓരോ സംഘടനകളുടെയും വിരുന്നുകള്‍. ഇവിടെയും സംഘടനകള്‍ക്കും പങ്കെടുക്കുന്നവര്‍ക്കും മതഭേദമില്ല. ഇത്തവണ, ഓണവും റമസാനും ഒരുമിച്ചെത്തുന്നതോടെ ആഘോഷങ്ങള്‍ക്ക് ഇരട്ടിമധുരമാകും.

മസ്ജിദുകളില്‍ ഇഫ്ത്താര്‍ വിരുന്നുകളും പ്രഭാഷണങ്ങളും സജീവമാകും. കേരളത്തില്‍നിന്നുള്ള പണ്ഡിതര്‍ അതിഥികളായെത്തി പലയിടത്തും ഉദ്ബോധനങ്ങള്‍ നടത്തും. ജീവിതത്തിരക്കിനിടയില്‍ അവഗണിക്കപ്പെട്ടു പോയേക്കാവുന്ന നന്മയുടെ മാര്‍ഗം റമസാന്‍ വീണ്ടും പരിചയപ്പെടുത്തും.

നിര്‍ബന്ധ ദാനമായ സക്കാത്ത് സമാഹരണവും റമസാനിലാണ് പതിവ്. നീക്കിയിരിപ്പ് സമ്പാദ്യത്തിന്റെ രണ്ടര ശതമാനമാണ് നിര്‍ബന്ധദാനമായി നല്‍കേണ്ടത്. സക്കാത്തിന്റെ അവകാശികളെക്കുറിച്ചും വ്യക്തമായ നിര്‍ദേശങ്ങളുണ്ട്. ഇത് സൂക്ഷ്മമായി പാലിക്കപ്പെടുകയാണെങ്കില്‍ ദാരിദ്യ്രത്തെ പടികടത്താം.

റമസാന്‍ കാലം മസ്ജിദുകളിലോ വിശ്വാസികളിലോ മാത്രമായി ഒതുങ്ങിനില്‍ക്കുന്നില്ല. റമസാന്‍ നിലാവ് എല്ലാ ഹൃദയങ്ങളിലേക്കും ഒരേപോലെ പരന്നൊഴുകുകയാണ്. ആത്മനിയന്ത്രണം; ലളിത ജീവിതം.. സ്വന്തം ശരീരത്തോടുള്ള വിജയമാണു റമസാന്‍ വ്രതം.