ഇന്ത്യ വീണ്ടും നാണംകെട്ടു

single-img
13 August 2011

ബര്‍മിങ്ങാം: അത്ഭുതങ്ങള്‍ സംഭവിച്ചില്ല. ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യക്ക് നാണംകെട്ട തോല്‍വി. ടെസ്റ്റ് പരമ്പരയിലെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയോടെ രണ്ട് വര്‍ഷത്തോളം കൊണ്ടുനടന്ന ടെസ്റ്റ് റാങ്കിങ്ങിലെ ഒന്നാം നമ്പര്‍ പദവിയും ഇന്ത്യ ഇംഗ്ലണ്ടിന് അടിയറവെച്ചു.

രണ്ടാം ഇന്നിങ്‌സില്‍ 486 റണ്‍സ് നേടി ഇന്നിങ്‌സ് പരാജയം ഒഴിവാക്കുക എന്ന ഇംഗ്ലീഷ് വെല്ലുവിളിയില്‍ ഒന്നു പൊരുതാന്‍ പോലും കഴിയാതെയാണ് ഇന്ത്യ പരാജയം ഏറ്റുവാങ്ങിയത്. ലോര്‍ഡ്‌സില്‍ 196 റണ്‍സിനും ട്രെന്‍ഡ്ബ്രിഡ്ജില്‍ 319 റണ്‍സിനും വമ്പന്‍ പരാജയം ഏറ്റുവാങ്ങിയ ഇന്ത്യ എഡ്ജ്ബാസ്റ്റണില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ ഇന്നിങ്‌സിനും 242 റണ്‍സിനുമാണ് കീഴടങ്ങിയത്.

രണ്ടാം ഇന്നിങ്‌സിലും നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി വീരേന്ദര്‍ സെവാഗ് ഇന്നലെ മടങ്ങിയെങ്കിലും ഇന്നും കാര്യങ്ങള്‍ക്ക് വലിയ മാറ്റമുണ്ടായില്ല. 486 റണ്‍ പിറകില്‍ നിന്ന് രണ്ടാമിന്നിങ്‌സ് ആരംഭിച്ച ഇന്ത്യ നാലാം ദിനത്തിന്റെ തുടക്കത്തില്‍ തന്നെ പരാജയം ഉറപ്പിച്ചു. 89 റണ്‍സെടുക്കുന്നതിനിടെ തന്നെ ആറു വിക്കറ്റുകള്‍ നഷ്ടപ്പെട്ടതോടെ ഇന്നിങ്‌സ് പരാജയം ഒഴിവാക്കാനാകില്ലെന്നായി.

ഗൗതം ഗംഭീര്‍ (14), രാഹുല്‍ ദ്രാവിഡ് (18), വി.വി. എസ്. ലക്ഷ്മണ്‍ (2)എന്നിവരാണ് ഇംഗ്ലീഷ് സ്വിങ്ങിനും പേസിനും മുന്നില്‍ നിസ്സഹായരായി വിക്കറ്റുകള്‍ ബലി നല്‍കി പവലിയനിലേയ്ക്ക് മടങ്ങിയത്. നാലാം ദിനത്തിലെ ആദ്യ പന്തില്‍ തന്നെയാണ് ഗംഭീര്‍ മടങ്ങിയത്. സച്ചിന്‍ തെണ്ടുല്‍ക്കര്‍(40) മാത്രമാണ് നിര്‍ഭാഗ്യവാനായി പുറത്തായത്.. ധോനി അടിച്ച പന്ത് ബൗളറുടെ കൈയില്‍ തട്ടി വിക്കറ്റില്‍ പതിക്കുമ്പോള്‍ സച്ചിന്‍ ക്രീസിന് പുറത്തായിരുന്നു.

നായകന്‍ ധോനി 74 റണ്‍സുമായി പുറത്താകാതെ നിന്നു. വാലറ്റത്ത് പ്രവീണ്‍കുമാര്‍ അടിച്ചുതകര്‍ത്തതാണ് ഇന്ത്യന്‍ ആരാധകര്‍ക്ക് ആശ്വസിക്കാന്‍ വക നല്‍കിയത്. 18 പന്തില്‍ 40 റണ്‍സ് അടിച്ചാണ് പ്രവീണ്‍കുമാര്‍ പുറത്തായത്. ഒടുവില്‍ അഞ്ച് റണ്‍സടിച്ച ശ്രീശാന്തിന്റെ ബാറ്റില്‍ ഉരസി പൊങ്ങിയ പന്ത് സ്ലപ്പില്‍ പീറ്റേഴ്‌സണ്‍ പിടികൂടുമ്പോള്‍ ഗാലറികളിലെങ്ങും ഇംഗ്ലണ്ട് നമ്പര്‍ വണ്‍ ടീം എന്ന ബാനറുകള്‍ നിറഞ്ഞു.

ബൗളിങ് നിരയില്‍ ആന്‍ഡേഴ്‌സണ്‍ നാലും ബ്രോഡും സ്വാനും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. 224 റണ്‍സാണ് ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് സമ്പാദ്യം. ഇംഗ്ലണ്ട് ഇന്ത്യന്‍ ബൗളിങ്ങിനെ പിച്ചിച്ചീന്തി 710 റണ്‍സെടുത്ത് ഒന്നാമിന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 294 റണ്‍സുമായി കുക്കും 104 റണ്‍സുമായി മോര്‍ഗനുമാണ് ഇംഗ്ലീഷ് പടനയിച്ചത്.

സ്‌കോര്‍ ഇന്ത്യ 224, 244
ഇംഗ്ലണ്ട് 710-7

ഈ വിജയത്തോടെ ഇംഗ്ലണ്ട് 3-0ത്തിന് പരമ്പര സ്വന്തമാക്കി. ധോനി ക്യാപ്റ്റനായ ശേഷം ആദ്യമായാണ് ഇന്ത്യക്ക് ടെസ്റ്റ് പരമ്പര നഷ്ടപ്പെടുന്നത്. പരമ്പരയിലെ അവസാന ടെസ്റ്റ് ഓവലില്‍ ആഗസ്ത് 18ന് തുടങ്ങും