സൈന മൂന്നാംറൗണ്ടില്‍

single-img
10 August 2011

ലണ്ടന്‍: ലോക ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരങ്ങളുടെ മിന്നുംപ്രകടനം തുടരുന്നു. കഴിഞ്ഞ രണ്ടു ലോകചാമ്പ്യന്‍ഷിപ്പിലും ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയ ഇന്ത്യന്‍താരം സൈന നേവാള്‍, അനായാസം മൂന്നാംറൗണ്ടിലെത്തി. പുരുഷ സിംഗിള്‍സില്‍ മറുനാടന്‍ മലയാളിയായ അജയ് ജയറാമും മിക്‌സഡ് ഡബിള്‍സില്‍ വി. ദിജു – ജ്വാല ഗുട്ട സഖ്യവും മൂന്നാം റൗണ്ടിലെത്തിയിട്ടുണ്ട്.

അയര്‍ലന്‍ഡിന്റെ ലോക 59-ാം നമ്പര്‍ താരമായ ക്ലോ മാഗിയെ 21-10, 21-7നാണ് സൈന തോല്പിച്ചത്. ആദ്യറൗണ്ടില്‍ ബൈ ലഭിച്ച സൈന ആദ്യമായാണ് പോരാട്ടത്തിനിറങ്ങിയത്. കളിയുടെ എല്ലാ മേഖലകളിലും എതിരാളിയെ പിന്നിലാക്കിയ സൈനയ്ക്ക് രണ്ടുസെറ്റുകളിലും കാര്യമായ വെല്ലുവിളി നേരിടേണ്ടിവന്നില്ല. ഹോങ്കോങ്ങിന്റെ ലോക 14-ാം നമ്പര്‍ താരം പ്യു യിന്‍ യിപ്പാണ് സൈനയുടെ മൂന്നാം റൗണ്ട് എതിരാളി. മുമ്പ് മൂന്നുതവണ ഏറ്റുമുട്ടിയപ്പോള്‍, യിപ്പിനെതിരെ രണ്ടുവട്ടം സൈന വിജയിച്ചിട്ടുണ്ട്.

പുരുഷ സിംഗിള്‍സില്‍, നേരിട്ടുള്ള സെറ്റുകള്‍ക്കാണ് അജയ് ജയറാം റഷ്യന്‍ താരം വ്‌ളാദിമിര്‍ ഇവാനോവിനെ കീഴടക്കിയത്. സീഡില്ലാ താരമായ അജയ് 21-19, 21-17ന് മത്സരം സ്വന്തമാക്കി. ചൈനയുടെ ആറാം നമ്പര്‍ താരം ചെന്‍ ജിന്നാണ് അജയ് ജയറാമിന്റെ മൂന്നാംറൗണ്ട് എതിരാളി. ആദ്യറൗണ്ടില്‍ ജപ്പാന്റെ 15-ാം നമ്പര്‍ കെനിച്ചി ടാഗോയെ അട്ടിമറിച്ചാണ് അജയ് മുന്നേറിയത്.

മിക്‌സഡ് ഡബിള്‍സില്‍, ആദ്യ റൗണ്ടില്‍ ബൈ ലഭിച്ച ദിജു-ജ്വാല സഖ്യം മലേഷ്യന്‍ ജോഡിയെയാണ് രണ്ടാംറൗണ്ടില്‍ പരാജയപ്പെടുത്തിയത്. ജിന്‍ ഗുവോ ഓങ്-സൂക്ക് ചിന്‍ ചോങ് ജോഡിക്കെതിരെ 21-11, 21-15നായിരുന്നു വിജയം. മൂന്നാംറൗണ്ടില്‍ അഞ്ചാം സീഡുകളായ ഡെന്മാര്‍ക്കിന്റെ ഫിഷര്‍ നീല്‍സണ്‍ ജോക്കിം-ക്രിസ്റ്റിന പെഡേഴ്‌സണ്‍ ജോഡിയാണ് ദിജു-ജ്വാല സഖ്യത്തിന്റെ എതിരാളികള്‍.