രാജ്യസഭയില്‍ സോണിയയ്ക്ക് എതിരെ മുദ്രാവാക്യം വിളി; ലോക്സഭയിലും ബഹളം

single-img
10 August 2011

ന്യൂഡല്‍ഹി: യുപിഎ അധ്യക്ഷ സോണിയ ഗാന്ധിക്ക് എതിരെ ബിജെപി അംഗങ്ങള്‍ നടത്തിയ പരാമര്‍ശത്തെച്ചൊല്ലി രാജ്യസഭാ നടപടികള്‍ നിര്‍ത്തിവച്ചു. കോമണ്‍വെല്‍ത്ത് ഗെയിംസ് സംബന്ധിച്ച ചര്‍ച്ചയില്‍ പ്രതിപക്ഷ നേതാവ് അരുണ്‍ ജയ്റ്റ്ലി പ്രസംഗിക്കുന്നതിനിടെയാണു സോണിയയ്ക്കെതിരെ ചിലര്‍ മുദ്രാവാക്യം മുഴക്കിയത്.

തന്നെ സംഘാടക സമിതി അധ്യക്ഷനായി നിയമിച്ചത് യുപിഎ അധ്യക്ഷ, പ്രധാനമന്ത്രി എന്നിവരുമായുള്ള യോഗപരമ്പരകള്‍ക്കു ശേഷമാണെന്നു സുരേഷ് കല്‍മാഡി പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കു 2007ല്‍ എഴുതിയ കത്തില്‍ വ്യക്തമാക്കിയെന്നു ജയ്റ്റ്ലി പറഞ്ഞു. അപ്പോഴാണു സോണിയയ്ക്കെതിരെ മുദ്രാവാക്യം വിളിയുണ്ടായത്.

ഇതില്‍ പ്രതിഷേധിച്ചു കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി. തുടര്‍ന്നു സഭ 15 മിനിറ്റ് നിര്‍ത്തിവയ്ക്കുന്നതായി ഉപാധ്യക്ഷന്‍ അറിയിച്ചു. 12.51നു സമ്മേളിച്ചപ്പോഴും ഇരുകൂട്ടരും ബഹളം തുടര്‍ന്നു. അപ്പോള്‍, രണ്ടുമണിവരെ സഭ നിര്‍ത്തി. വീണ്ടും സമ്മേളിച്ചപ്പോള്‍, പരാമര്‍ശം ഉചിതമായില്ലെന്നും ചികില്‍സയില്‍ കഴിയുന്ന സോണിയയ്ക്കു സൌഖ്യം ആശംസിക്കുന്നെന്നും ജയ്റ്റ്ലി പറഞ്ഞു.

എന്നാല്‍, വ്യക്തമായി മാപ്പുപറയണമെന്നു കോണ്‍ഗ്രസ് അംഗങ്ങള്‍ ആവശ്യപ്പെട്ടു. ബിജെപി വഴങ്ങാത്ത സ്ഥിതിയില്‍ മൂന്നു മണിവരെ സഭ നിര്‍ത്തി. വീണ്ടും ചേര്‍ന്നപ്പോള്‍, ബിജെപിയിലെ വിജയകുമാര്‍ രുപാണി മാപ്പുപറഞ്ഞു.

ലോക്സഭയിലും കോമണ്‍വെല്‍ത്ത് ഗെയിംസ് ക്രമക്കേടിന്റെ പേരില്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ രാജി ആവശ്യപ്പെട്ടു പ്രതിപക്ഷം ബഹളമുണ്ടാക്കി. സഭാ നടപടികള്‍ രണ്ടുതവണ നിര്‍ത്തിവച്ചു. ബിജെപി അംഗങ്ങളോടൊപ്പം ഉത്തര്‍പ്രദേശില്‍ കര്‍ഷകര്‍ക്കെതിരായ അക്രമങ്ങളുടെ പേരില്‍ മായാവതി ഗവണ്മെന്റിനെതിരെ മുദ്രാവാക്യങ്ങളുമായി സമാജ്വാദി പാര്‍ട്ടി അംഗങ്ങളും രംഗത്തിറങ്ങി.