ഗോധ്ര: സത്യവാങ്മൂലം നല്‍കിയ ഡി.ഐ.ജിക്ക് സസ്‌പെന്‍ഷന്‍

single-img
9 August 2011

അഹമ്മദാബാദ്: ഗോധ്ര കാലാപവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നരേന്ദ്രമോഡിക്കെതിരെ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയ ഐ.പി.എസ് ഉദ്യോഗസ്ഥനെ ഗുജറാത്ത് സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. ഡി.ഐ.ജി സഞ്ജീവ് ഭട്ട് ആണ് സസ്‌പെന്‍ഷനിലായത്. കൃത്യവിലോപത്തിന്റെ പേരിലാണ് നടപടി.

എസ്.ആര്‍.പി ട്രെയിനിങ് സ്‌കൂളിന്റെ ചുമതല വഹിച്ചിരുന്ന ഭട്ടിന് തിങ്കളാഴ്ച രാത്രി പത്തിനാണ് സസ്‌പെന്‍ഷന്‍ ഉത്തരവ് നല്‍കിയത്. അനധികൃതമായി അവധിയെടുത്തു, ഓഫീസ് വാഹനം ദുരുപയോഗം ചെയ്തു തുടങ്ങിയ ആരോപണങ്ങളും നടപടിയ്ക്ക് കാരണമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാല്‍ അസുഖം ബാധിച്ച തന്റെ അമ്മയെ ശുശ്രൂഷിക്കാന്‍ 60 ദിവസത്തെ അവധി എടുത്തിരുന്നുവെന്ന് ഭട്ട് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

2002 ല്‍ ഗോധ്ര തീവണ്ടി ആക്രമണം നടന്ന രാത്രിയില്‍ മുഖ്യമന്ത്രി നരേന്ദ്രമോഡി വിളിച്ചുചേര്‍ത്ത യോഗത്തില്‍ താന്‍ പങ്കെടുത്തിരുന്നു എന്ന വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ഗുജറാത്ത് കേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായ സഞ്ജീവ് ഭട്ട് മാധ്യമ ശ്രദ്ധ നേടിയത്. പിന്നീട് ഇതുസംബന്ധിച്ച് അദ്ദേഹം സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.

ഗോധ്ര ട്രെയിന്‍ തീവെപ്പിനെത്തുടര്‍ന്ന് ന്യൂനപക്ഷക്കാരെ പാഠം പഠിപ്പിക്കാന്‍ ഭൂരിപക്ഷ സമുദായത്തെ അനുവദിക്കണമെന്ന് മോഡി സംസ്ഥാന ഭരണകൂടത്തിന് നിര്‍ദേശം നല്‍കിയെന്ന് സഞ്ജീവ് ഭട്ട് സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. ഇന്റലിജന്‍സ് ഡി.സി.പിയെന്ന നിലയില്‍ താന്‍ കൂടി പങ്കെടുത്ത 2002 ഫിബ്രവരി 27ലെ യോഗത്തിലാണ് മോഡി ഈ നിര്‍ദേശം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

കലാപവുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍ പ്രത്യേക അന്വേഷണ സംഘം അഭിഭാഷകര്‍ക്ക് ചോര്‍ത്തി നല്‍കുന്നുണ്ടെന്ന് അദ്ദേഹം അടുത്തിടെ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. താന്‍ സമര്‍പ്പിച്ച സത്യാവാങ്മൂലവുമായി ബന്ധപ്പെട്ട അന്വേഷണം ഗുജറാത്തിന് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടും അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചിരുന്നു.