ഉമ്മന്‍ ചാണ്ടി രാജിവെക്കണമെന്ന് പിണറായി

single-img
9 August 2011

തിരുവനന്തപുരം: പാമോയില്‍ കേസില്‍ കോടതി അന്വേഷണത്തിന് പാത്രമായ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജിവെക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ഒരു മുഖ്യമന്ത്രിക്കെതിരെയും കോടതിയുടെ വ്യക്തിപരമായ പരാമര്‍ശമുണ്ടായിട്ടില്ല. ഉമ്മന്‍ ചാണ്ടി പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്.

Support Evartha to Save Independent journalism

കോടതി വിധി മുഖ്യമന്ത്രിയും യു.ഡി.എഫും അംഗീകരിക്കുന്നു. അതുകൊണ്ടാണ് വിജിലന്‍സ് വകുപ്പ് ഒഴിയുന്നത്. വിജിലന്‍സിന്റെ നിയന്ത്രണം പൊതു ഭരണവകുപ്പിന്റെ കൈയിലാണ്, അത് നിയന്ത്രിക്കുന്നത് മുഖ്യമന്ത്രിയാണ്. ആഭ്യന്തരവകുപ്പും നിയന്ത്രിക്കുന്നത് മുഖ്യമന്ത്രിയാണ്. വിധി അംഗീകരിച്ച സാഹചര്യത്തില്‍ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു

വിധി പറഞ്ഞ കോടതിയെ അവഹേളിക്കുന്നത് നിയമവാഴ്ചക്ക് എതിരാണ്. ചില നേതാക്കള്‍ കോടതിയെ അപമാനിക്കുന്ന പ്രസ്താവനങ്ങള്‍ പുറത്തുവിട്ടു. യഥാര്‍ത്ഥത്തില്‍ ഇവ ഗുരുതരമായ കോടതി അലക്ഷ്യനടപടികളാണ്. നീതിന്യായ വ്യവസ്ഥയോട് ബഹുമാനമുണ്ടെങ്കില്‍ പദവി ഒഴിയണമെന്നും അദ്ദേഹം പറഞ്ഞു.

കോടിയേരിയുടെയും വി.എസിന്റെയും വാക്കുകളിലെ ഭിന്നത കാണുന്നവരിലാണ്. മുഖ്യമന്ത്രി തന്നെ സ്വയം നിലപാട് വ്യക്തമാക്കണമെന്ന് കോടിയേരി ബാലകൃഷ്ണനാണ് ആദ്യം ആവശ്യപ്പെട്ടത്. വിജിലന്‍സ് വകുപ്പ് ഒഴിയണമെന്നും ആദ്യം ആവശ്യപ്പെട്ടത് കോടിയേരിയാണ്. പിന്നീട് നിരവധി നേതാക്കള്‍ നേരിട്ടുകണ്ട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഉമ്മന്‍ ചാണ്ടി വിജിലന്‍സ് വകുപ്പിന്റെ ചുമതല ഒഴിഞ്ഞത്.

സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം നടക്കാന്‍ ഉമ്മന്‍ ചാണ്ടി അധികാരമൊഴിഞ്ഞേ മതിയാകു എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.

ജനാധിപത്യകേരളവും അതാണ് ആവശ്യപ്പെടുന്നത്. അധികാരത്തില്‍ കടിച്ചുതൂങ്ങാതെ എത്രയും വേഗം രാജിവെക്കുകയാണ് വേണ്ടത്. ഭരണപ്രതിപക്ഷ ഭേദമന്യേ എല്ലാവരും ശക്തമായി ശബ്ദമുയര്‍ത്തണമെന്നും സി.പി.എം സെക്രട്ടേറിയേറ്റ് ആവശ്യപ്പെട്ടു.