സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 19760 രൂപ

single-img
4 August 2011

കൊച്ചി: ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്. പവന് 480 രൂപ ഉയര്‍ന്ന് 19,760 രൂപയിലെത്തി. ഇത് പുതിയ റെക്കോഡാണ്. ഗ്രാമിന് 60 രൂപ വര്‍ധിച്ച് 2,470 രൂപയായി.

അമേരിക്കയിലെ സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന്, തുടര്‍ച്ചയായി മുന്നേറുകയായിരുന്ന സ്വര്‍ണ വില ഇന്നലെ നേരിയ തോതില്‍ താഴേക്ക് പോയെങ്കിലും ഇന്ന് തിരിച്ചെത്തുകയായിരുന്നു. ചൊവ്വാഴ്ച പവന്‍വില 880 രൂപ കുതിച്ചുയര്‍ന്ന് 19,520 രൂപയിലെത്തിയിരിന്നു. എന്നാല്‍ ബുധനാഴ്ച 240 രൂപ കുറഞ്ഞ് 19,280 രൂപയിലെത്തി. ആ നിലയില്‍ നിന്നാണ് ഇപ്പോള്‍ 19760 രൂപയിലേക്ക് വില ഉയര്‍ന്നിരിക്കുന്നത്. ഇതോടെ 20,000 രൂപയിലെത്താന്‍ ഇനി 240 രൂപ മാത്രം.

മാന്ദ്യഭീതിയില്‍ ഓഹരി വിപണികളും ക്രൂഡോയില്‍ വിലയും വീണുടയുന്നതിനിടെയാണ് സ്വര്‍ണ വില കുതിച്ചുയരുന്നത്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിക്ഷേപകര്‍ ഒന്നടങ്കം സ്വര്‍ണത്തിലേക്ക് തിരിയുന്നതാണ് വില ഇത്രത്തോളം ഉയരാന്‍ കാരണം.

കര്‍ക്കിടകവും റംസാന്‍ നോമ്പുകാലവുമായതിനാല്‍ കേരളത്തില്‍ സ്വര്‍ണ വില്‍പന ഇപ്പോള്‍ കുറഞ്ഞിട്ടുണ്ട്. എന്നാല്‍ അടുത്തയാഴ്ച ചിങ്ങം പിറക്കുകയും ആഗ്‌സത് അവസാനത്തോടെ നോമ്പുകാലം കഴിയുകയും ചെയ്യുന്നതോടെ വിവാഹ സീസണിന് തുടക്കമാവും. അതോടെ, വില്‍പന ഉയരുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. എന്നാല്‍ വില ഉയര്‍ന്നു നില്‍ക്കുന്നത് വില്‍പന തോത് കുറയാന്‍ ഇടയാക്കിയേക്കും.