കൃഷ്ണ പൂജപ്പുര കഥയെഴുതുകയാണ്‌

single-img
4 August 2011

പൂജപ്പുര സ്വദേശിയായ പി. എസ്. കൃഷ്ണകുമാര്‍ എല്‍.ഡി. ക്ലാര്‍ക്കായാണ് സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചത്. പത്രമാസികകളില്‍ നര്‍മലേഖനങ്ങളെഴുതുകയായിരുന്നു അപ്പോഴത്തെ ശീലം. ഓഫീസിനടുത്തായിരുന്നു അന്ന് ‘മാതൃഭൂമി’യുടെ തിരുവനന്തപുരത്തെ ഓഫീസ്. നര്‍മലേഖനങ്ങള്‍ കൂടുതലും അച്ചടിച്ചുവന്നത് മാതൃഭൂമി പത്രത്തിന്റെ എഡിറ്റ് പേജില്‍ മിഡില്‍ പീസുകളായാണ്. യു.ഡി.ക്ലാര്‍ക്കായപ്പോഴേക്കും കൃഷ്ണകുമാര്‍ ടെലിവിഷന്‍ സീരിയലുകള്‍ക്ക് തിരക്കഥകളെഴുതുന്ന ആളായി. ജൂനിയര്‍ സൂപ്രണ്ടായിട്ടായിരുന്നു അടുത്ത പ്രൊമോഷന്‍. സര്‍ഗപ്രവര്‍ത്തനത്തിലും സ്ഥാനക്കയറ്റമുണ്ടായി. ഇപ്പോള്‍ സിനിമകള്‍ക്ക് തിരക്കഥയെഴുതുന്ന തിരക്കിലാണ് കൃഷ്ണപൂജപ്പുരയെന്ന ഇദ്ദേഹം. ഇതുവരെ ഏഴു സിനിമകള്‍ക്ക് തിരക്കഥയെഴുതി. ആറെണ്ണം സിനിമയായി. അഞ്ചെണ്ണം പുറത്തിറങ്ങി. നാലും സൂപ്പര്‍ ഹിറ്റായി. മലയാളത്തിലെ വിലയേറിയ തിരക്കഥാകൃത്തായി കൃഷ്ണ പൂജപ്പുരയെന്ന തിരുവനന്തപുരത്തുകാരന്‍ വളരുകയാണ്.

ഫാക്ടറീസ് ആന്‍ഡ് ബോയ്‌ലേഴ്‌സ് വകുപ്പില്‍ ജൂനിയര്‍ സൂപ്രണ്ടാണ് കൃഷ്ണകുമാര്‍. പത്ത് വര്‍ഷമായി അവധിയിലാണെന്നത് വേറെകാര്യം. സ്വന്തം അനുഭവങ്ങളും മറ്റുള്ളവരില്‍ നിന്ന് മനസ്സിലാക്കിയ കാര്യങ്ങളും ചേര്‍ത്താണ് കഥകളും തിരക്കഥകളും എഴുതുന്നതെന്ന് കൃഷ്ണ പറഞ്ഞു. കുടുംബം സര്‍ഗജീവിതത്തിന് വലിയ പ്രേരണയാണ് നല്‍കാറുള്ളത്. ഭാര്യയും മകനുമടങ്ങുന്ന ചെറിയ കുടുംബം മൊത്തമായും ചില്ലറയായും തമാശ ആസ്വദിക്കുന്നവരുമാണ്. പെണ്ണുകാണല്‍ ചടങ്ങില്ലാത്ത അറേഞ്ച്ഡ് മാര്യേജായിരുന്നു കൃഷ്ണയുടേത്. 1990-ലായിരുന്നു വിവാഹം. വധു ശ്രീലത. അന്ന് കൃഷ്ണകുമാര്‍ തിരക്കഥാകൃത്തായിട്ടില്ല.

വെറും സര്‍ക്കാര്‍ ഗുമസ്തന്‍ മാത്രം. പൂജപ്പുര പാതിരപ്പള്ളി ലെയ്‌നില്‍ താമസക്കാരായിരുന്നു ഇരുവരും. എം. എ. യ്ക്ക് രണ്ടുപേരും പഠിച്ചത് ഒരേ പാരലല്‍കോളേജിലാണെങ്കിലും വെവ്വേറെ വര്‍ഷങ്ങളില്‍ വെവ്വേറെ വിഷയങ്ങളായിരുന്നു. പരസ്പരം കണ്ടു പരിചയമുള്ളവര്‍. കൃഷ്ണകുമാറിന്റെ അമ്മാവനാണ് കല്യാണാ ലോചനയുമായി ശ്രീലതയുടെ വീട്ടിലെത്തിയത്. പൊരുത്തമെല്ലാം ചേര്‍ന്നപ്പോള്‍ വിവാഹിതരായി. ആദ്യ തിരക്കഥയായ ‘ഇവര്‍ വിവാഹിതരായാല്‍’എന്ന സിനിമയിലേതുപോലെയായിരുന്നില്ല വിവാഹജീവിതമെന്ന് കൃഷ്ണകുമാര്‍ വ്യക്തമാക്കുന്നു. പക്വതയില്ലാത്ത സമയത്ത് വിവാഹിതനായ വിവേകിന്റെ കഥയാണ് ആ സിനിമയിലൂടെ കൃഷ്ണ എഴുതിയത്.

എന്നാല്‍, ഇടയ്‌ക്കൊക്കെ വിവേകിന്റെ പക്വതക്കുറവ് തിരക്കഥാകൃത്തിലും കാണാറുണ്ടെന്ന് ശ്രീലത തമാശ പറഞ്ഞു. അച്ഛന്‍ വീട്ടുകാര്യങ്ങളില്‍ തമാശക്കാരനല്ലെന്നാണ് മകന്‍ ഉണ്ണിക്കൃഷ്ണന്റെ പക്ഷം. ഏകമകനായ ഉണ്ണിക്കൃഷ്ണന്‍ ചാന്ദ് അക്കാദമിയില്‍ ബി.കോം. അവസാനവര്‍ഷ വിദ്യാര്‍ഥിയാണ്.

13 വര്‍ഷം ഒരേവീട്ടില്‍ വാടകയ്ക്ക് താമസിച്ചതിന്റെ റെക്കോഡ് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമിടയില്‍ തനിക്കുണ്ടെന്ന് കൃഷ്ണകുമാര്‍ പറയുന്നു. പൂജപ്പുരയില്‍ എസ്.ബി.ടി. മാനേജര്‍ സോമന്‍പിള്ളയുടെ വീടിന്റെ മുകള്‍നിലയിലായിരുന്നു ഈ കുടുംബത്തിന്റെ കൂടാരം. വീട്ടുടമയ്ക്ക് ബുദ്ധിമുട്ടാകാതിരിക്കാന്‍ ഇടയ്ക്ക് ഒന്നുരണ്ടു തവണ വാടകവീടൊഴിഞ്ഞ് മറ്റെവിടേക്കെങ്കിലും ചേക്കേറാന്‍ നോക്കിയിരുന്നു.